23 November, 2023 04:42:07 PM
കൗമാരദശ നന്നായി വിനിയോഗിക്കാന്‍ കഴിയണം- അഡ്വ. ഇന്ദിര രവീന്ദ്രൻ
ചങ്ങനാശേരി: കൗമാര ദശ നന്നായി വിനിയോഗിക്കുന്നതിന് കുട്ടികൾക്ക് കഴിയണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ചങ്ങനാശേരി പെരുന്ന എൻ എസ് എസ് എച്ച് എസ് എസിൽ 'കൗമാരം കരുത്താക്കു' ബോധവത്കരണ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.
കൗമാരദശയിൽ വ്യക്തികൾ പല ആശങ്കകളിലൂടെയാണ് കടന്നു പോകുന്നത്. തങ്ങളുടെ ഭാവി എങ്ങനെയാണ്, എന്തെല്ലാം പഠിക്കണം, ഏതു വിഷയം എടുക്കണം, ഏതു ജോലിക്കു ശ്രമിക്കണം തുടങ്ങി നിരവധിയായ ആശങ്കകൾ കുട്ടികൾക്ക് ഈ കാലയളവിലുണ്ടാകും. ഈ കാലയളവിനെ നന്നായി വിനിയോഗിക്കുന്നതിന് കുട്ടികൾക്ക് മാർഗദർശനം നൽകുന്നതിനാണ് കൗമാരം കരുത്താക്കു ബോധവത്ക്കരണ പരിപാടി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്നത്.
സമൂഹത്തിൽ ലഹരിക്ക് അടിപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. അതേപോലെ സൈബർ കുറ്റകൃത്യങ്ങളിലും പോക്സോ കേസുകളിലും ഉൾപ്പെടുന്ന കുട്ടികളും കൂടുകയാണ്. ഇതിനെല്ലാം ഉപരിയായി പ്രണയത്തിൽ നിന്നു പിന്മാറുന്ന ആളെ ഇല്ലാതാക്കുന്ന പ്രണയ പകയും വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ എന്താണ് ലിംഗനീതി, ലിംഗ സമത്വം എന്ന് കുട്ടികളെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും വനിത കമ്മിഷൻ അംഗം പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ വനിതാ കമ്മിഷൻ അംഗം വിദ്യാർഥികൾക്കു ചൊല്ലിക്കൊടുത്തു. ചങ്ങനാശേരി നഗരസഭ അധ്യക്ഷ ബീന ജോബി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.എം. നജിയ, പിടിഎ പ്രസിഡന്റ് ജി. അശോക് കുമാർ, പെരുന്ന എൻഎസ്എസ്എച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ. വി.ആർ. വേണുഗോപാൽ, ഹെഡ്മിസ്ട്രസ് എൻ. ശ്രീലത, സീനിയർ അസിസ്റ്റന്റ് ആർ. സീമ തുടങ്ങിയവർ സംസാരിച്ചു. സൈബർ കുറ്റകൃത്യങ്ങളും കൗമാരവും എന്ന വിഷയം ജില്ലാ സൈബർ സെൽ ഫാക്കൽറ്റി ജോബിൻസ് അവതരിപ്പിച്ചു.