06 October, 2023 03:42:35 PM


സമാധാന നൊബേൽ; സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ നർഗസ് മുഹമ്മദിക്ക്



ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. 

ഇറാൻ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ നടത്തിയ പോരാട്ടങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നർഗേസ് മുഹമ്മദി. ജയിലിൽ വച്ചാണ് പുരസ്ക്കാര വാർത്ത നർഗേസ് മുഹമ്മദി അറിഞ്ഞത്.

മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ ആളാണ് നർഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ നടത്താതെ 31 വർഷത്തെ തടവു ശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാരം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യ അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗേസിന്‍റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K