17 December, 2022 11:35:07 PM


'അപ്പൽ ചോറുണ്ണാം'; 'ചിക്കൻ ആണം' കൂട്ടി ചപ്പാത്തി കഴിക്കാം: ദ്വീപിന്‍റെ രുചി സരസ് മേളയിലും


         
കോട്ടയം: നാഗമ്പടം കുടുംബശ്രീ സരസ്മേളയിലെ ഫുഡ്സ്റ്റാളിൽ ഒരു കൊച്ച് ലക്ഷ്യദ്വീപൊരുക്കിയിരിക്കുകയാണ് ടി.കെ സുൽത്താംബിയും സംഘവും. തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന പൊന്നി അരിയിൽ മല്ലി, പെരുംജീരകം, മുളക് എന്നിവ കൊണ്ട് ഒരുക്കിയ പ്രത്യേക മസാലയിൽ ഉണക്കിയ അപ്പൽ മീൻ ചേർത്തിളക്കി ഉണ്ടാക്കിയെടുക്കുന്ന അപ്പൽ ചോറാണ് ലക്ഷദ്വീപ് സ്റ്റാളിലെ  ഹൈലൈറ്റ്. ലക്ഷ്യദ്വീപ് സ്റ്റാളിലെ ഏറ്റവും ഡിമാന്‍റും ഇതിനുതന്നെയാണ്.

നമ്മുടെ സ്വന്തം നീരാളി തന്നെയാണ് ഈ അപ്പൽ മീൻ. സാലഡും അച്ചാറും ചേർത്ത് വിളമ്പുന്ന ഈ വിഭവത്തിന് പ്ലേറ്റിന് 120 രൂപയാണ്. അലിഫ് ദ്വീപശ്രീയിലെ ടി.കെ സുൽത്താംബി, ഷാഹിന ബീഗം, ടി.കെ. അത്താഹ, ടി.എം. സാജിത, എ.സി. ബല്ലി എന്നിവർ ചേർന്നാണ്  കുടുംബശ്രീ ദേശീയ സരസ്സ് മേളയിൽ ദ്വീപൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത്. കടലിൽനിന്നു നേരിട്ട് ഇവർ തന്നെയാണ് അപ്പൽ മീൻ പിടിച്ച് ഉണക്കി എടുക്കുന്നത്.

ഇത് കൂടാതെ ദ്വീപൻ ചപ്പാത്തി, ദ്വീപൻ അരിപ്പത്തിരിയും ഉണ്ട്. മൂന്ന് ചപ്പാത്തിയും ചിക്കൻ ആണം എന്ന പ്രത്യേക കറിക്കും കൂടി 150 രൂപയാണ്  വില. മൂന്ന് ചപ്പാത്തിയും ബീഫ് ആണത്തിനും 170 രൂപയാണ്. കിഴി ബിരിയാണി ചിക്കന് 160 രൂപയും മീനിന് 180 രൂപയുമാണ് വില. 220 രൂപയ്ക്ക് ദ്വീപൻ ചൂര അച്ചാറും ഈ ഫുഡ് കോർട്ടിൽ ലഭിക്കും. 

അഖിലേന്ത്യാ ഭക്ഷണപര്യടനം നടത്താം


കോട്ടയം: ടെലിവിഷൻ ചാനലിലൂടെയും ഫുഡ് വ്ളോഗർമാർ വഴിയും കണ്ടറിഞ്ഞ് മാത്രം പരിചയമുള്ള ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്റെ തനത് രുചി വൈഭവങ്ങളും കണ്ടല്ല, കൊണ്ടറിയാൻ തന്നെ സരസിലേക്കു പോരൂ. ക്ഷത്രിയ ചിക്കൻ ബിരിയാണി, ക്ഷത്രിയ ചെമ്മീൻ ബിരിയാണി എന്നിങ്ങനെ പേരിൽ തന്നെ കനത്തിലാണ് ആന്ധ്രാപ്രദേശിന്റെ രുചി മണം സരസിൽ പരക്കുന്നത്.

മസാലയുടെ എരിപൊരി സഞ്ചാരമാണ് ആന്ധ്രാപ്രദേശ് സ്റ്റാളിന്റെ പ്രത്യേകതയെങ്കിൽ മധുര പലഹാരങ്ങളാണ് രാജസ്ഥാന്റെ തീൻമേശയിൽ. ജിലേബി, സ്വീറ്റ് ലസ്സി, പ്യാജ് കച്ചോരി, ബദാം ഷേക്ക്, ഖൂൽഫി എന്നിങ്ങനെ നീളുന്നു രാജസ്ഥാൻ വിഭവങ്ങൾ. യു.പി പപ്പടം, ഖടി റൈസ്, യു പി സ്പെഷ്യൽ താലി റൈസ്, സ്വീറ്റ് ഘീർ റൈസ്, പൂരി സബ്ജി, രാജ്മ റൈസ് എന്നിവയുമായാണ് യു പി എത്തിയിരിക്കുന്നത്. പാനീപൂരി, സമോസ, സേവ് പൂരി, ദാഹി പൂരി, അലൂടിക്ക, ചോല ബട്ടോറി ഗുലാബ് ജാമുൻ തുടങ്ങിയവയാണ് കൂട്ടത്തിൽ പഞ്ചാബിനെ വ്യത്യസ്തമാക്കുന്നത്.

ജീരാ ബട്ടർ ചിക്കൻ, ചിക്കൻ ന്യൂഡിൽസ്, ബ്ലാക്ക് ചിക്കൻ കറി, ബ്ലാക്ക് റൈസ് ഖീർ എന്നിവയ്ക്ക് ഒപ്പം പലതരം ചായകളാണ് അസമിന്റെ അടുക്കളയിൽ ഉള്ളത്. വടാപാവ്, പാവ് ബജി, പുരൻപൊളി, എന്നിവയ്ക്ക് ഒപ്പം മഹാരാഷ്ട്ര സ്പെഷ്യൽ സാവ്ജി ചിക്കൻ ബിരിയാണി, സാവ്ജി ചിക്കൻ താലി, മഹാരാഷ്ട്ര വെജ് താലി എന്നിവയാണ് മറാത്തി രുചികൾ. ചിക്കൻ മോമോസ്, ഫലോയ് എന്നിങ്ങനെ നീളുന്നു സിക്കിം വിഭവങ്ങൾ.

നോർത്ത് ഇന്ത്യൻ വിഭവങ്ങൾക്ക് ഒപ്പം വലുപ്പം ഒട്ടും കുറയാതെ തല ഉയർത്തി നിൽക്കുന്ന കേരളീയ വിഭവങ്ങളും ഫുഡ് കോർട്ടിലെ മിന്നും താരങ്ങളാണ്. തലശേരി ദം ബിരിയാണി, കള്ളപ്പം, താറാവ് കറി, ചിക്കൻ കറി, തൃശൂർ സ്പെഷ്യൽ സ്പാനിഷ് മസാല ദോശ, കോഴിക്കോടൻ സ്നാക്സ്, അട്ടപ്പാടി വനസുന്ദരി, വിവിധ തരം ജൂസുകൾ, ഷേക്കുകൾ എന്നിവയും മേളയിലെ എടുത്തു പറയേണ്ട രുചിക്കൂട്ടുകളാണ്.

കാവ്യസദസ് സംഘടിപ്പിച്ചു



കോട്ടയം: കുടുംബ ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് എഴുത്തിന്റെ ലോകത്തുനിന്ന് മാറി നടന്ന സ്ത്രീകളെ എഴുത്തിലേക്ക് തിരിച്ചെത്തിക്കാൻ കുടുംബശ്രീ നടത്തിയ പരിശ്രമങ്ങൾ വളരെ വലുതാണെന്ന് പ്രശസ്ത കവി പി. രാമൻ പറഞ്ഞു. കുടുംബശ്രീ സരസ് മേളയുടെ ഭാഗമായി നടത്തിയ കാവ്യ സദസിന്റെയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ കുടുംബശ്രീ പ്രത്യേക പതിപ്പിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഉടനീളമുള്ള കുടുംബശ്രീ അംഗങ്ങളാണ് കുടുംബശ്രീ പ്രത്യേക പതിപ്പ് തയാറാക്കിയിരിക്കുന്നത്. അംഗങ്ങളുടെ തന്നെ കഥ, കവിത, ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവയാണ് പതിപ്പിന്റെ ഉള്ളടക്കം.  വരയും അംഗങ്ങൾ തന്നെയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി നടത്തിയ സർഗ്ഗം എന്ന രചനാ മത്സരങ്ങളിൽ നിന്നും മികച്ച കൃതികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് കാവ്യ സദസ്സിൽ പങ്കെടുത്തത്.

തനൂജ ബീഗം, സി.എ നസീമ, ആർ.ഗീതാഞ്ജലി, സിന്ധു തോമസ്, എം.ജിഷ, അനിത കെ. കാര എന്നീ വനിതകളാണ് കാവ്യ സദസ്സിൽ പങ്കെടുത്ത് കൃതികൾ അവതരിപ്പിച്ചത്. കുടുംബശ്രീ മിഷൻ പി.ആർ.ഒ മൈന ഉമൈബാൻ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K