08 June, 2022 05:32:07 PM


ഏറ്റുമാനൂർ, പാമ്പാടി കുടുംബശ്രീകൾ കൂട്ടിക്കലിൽ സ്നേഹ വീടുകൾ ഒരുക്കുന്നു



കോട്ടയം: കൂട്ടിക്കലിൽ പ്രളയം കവർന്നെടുത്ത വീടിന് പകരം പുതിയ വീടൊരുക്കുകയാണ് ഏറ്റുമാനൂർ നഗരസഭ, പാമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കുടുംബശ്രീ പ്രവർത്തകർ. രണ്ട് സ്‌നേഹ വീടുകളാണ് നഗരസഭയിലെയും പഞ്ചായത്തിലെയും കുടുംബശ്രീ അംഗങ്ങൾക്കിടയിൽ നിന്നും പിരിച്ചെടുത്ത തുക ഉപയോഗിച്ച് നിർമിക്കുന്നത്.

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കൊടുങ്ങയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ലളിത സുനിലിനാണ് ഏറ്റുമാനൂർ സി.ഡി.എസ്. വീട് നിർമിച്ചു നൽകുക. വിധവയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ ഇവരുടെ സ്ഥലം പൂർണമായും വാസയോഗ്യമല്ലാതായി. മറ്റൊരാൾ നൽകിയ അഞ്ചു സെന്റിലാണ് ഇപ്പോൾ വീട് നിർമിക്കുന്നത്. ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനം കോവിഡ് പ്രതിസന്ധിയിൽ അടച്ചു പൂട്ടിയതിനാൽ ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് ലളിത. ഏഴര ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമാണം.

കൂട്ടിക്കൽ അഞ്ചാം വാർഡിലെ ഞറക്കാട് സൗമ്യ ജോജിക്കാണ് പാമ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ വീട് നിർമിച്ചു നൽകുന്നത്. ജനകീയ ഹോട്ടൽ തൊഴിലാളിയായ സൗമ്യയും മകളും ഹൃദ്രോഗത്തിന് ചികിത്സ തേടുന്നവരാണ്. പലരുടെയും സഹായത്തോടെ ലഭിച്ച അഞ്ചു സെന്റ് സ്ഥലത്താണ് വീട് നിർമാണം. മകളെ കൂടാതെ ഒരു മകനും ഇവർക്കുണ്ട്. ഭർത്താവ് ജോജിക്കും നട്ടെല്ല് സംബന്ധമായ രോഗങ്ങളുണ്ട്. അഞ്ചര ലക്ഷം രൂപയ്ക്കാണ് വീട് നിർമാണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K