12 May, 2022 10:25:00 PM


വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍



പാലക്കാട് : സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 18 നും 55 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കും.  സംരംഭകത്വ പരിശീലനം, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും. യോഗ്യത പത്താം ക്ലാസ്. 35 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലില്ലാത്തവര്‍ക്ക്  മുന്‍ഗണന നല്‍കും.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനും സാഹചര്യം ഒരുക്കുന്നതിനാണ് വനിതാ വികസന കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ജില്ലകളില്‍  നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം,  വാര്‍ഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തി വനിതാ വികസന കോര്‍പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ മെയ് 21 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org, 0471-2454570/89.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K