18 December, 2022 12:25:38 AM
മിഠായിക്ക് 'നൊസ്റ്റു' മധുരം; 'ചായക്കട'യുമായി അസമിലെ 'മഷ്റൂം കുപ്പട്ടി'
കോട്ടയം: ദേശീയ സരസ് മേളയിലെ ഇന്ത്യാ മെഗാ പ്ലേറ്റിലെ അസം ഫുഡ് കോർട്ട് വ്യത്യസ്തമാവുന്നത് പലതരം ചായകളാണ്. ഇഞ്ചിയും മസാലക്കൂട്ടുകളും ചേർത്ത സ്‌പെഷൽ അസം ചായ ഒന്ന് കുടിക്കുമ്പോൾ തന്നെ ശരീരം മുഴുവൻ പുത്തനുണർവാണ്. സ്റ്റാളിന് പുറത്തെ ചായ പ്രേമികളുടെ തിരക്ക് കണ്ടാലറിയാം അസം ചായയുടെ കരുത്ത്. അസമിലെ മഷ്റൂം കുപ്പട്ടി എന്ന സ്ത്രീ സഹായസംഘത്തിലെ സുനാലി തെരോൺ, പുനിത സർവോ, റീതി ഹസരിക എന്നിവരാണ് തങ്ങളുടെനാടിന്റെ രുചിയുമായി സരസ് മേളയിലെത്തിയിരിക്കുന്നത്.
300 അംഗങ്ങളുള്ള ഗ്രൂപ്പാണ് മഷ്റൂം കുപ്പട്ടി. ചായയ്ക്ക് പുറമെ നൂഡിൽസ്, ഫ്രൈഡ് റൈസ്, ബ്ലാക്ക് ചിക്കൻ കറി, മഷ്റൂം കറി, അസം ചിക്കൻ കറി എന്നിവയും ഈ സ്റ്റാളിലെ രുചി വൈവിധ്യങ്ങളാണ്. എള്ള് അരച്ച് ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന ബ്ലാക്ക് ചിക്കൻ കറിയും വ്യത്യസ്ത രുചി കൊണ്ട് ഭക്ഷണ പ്രേമികളെ ആകർഷിക്കുന്ന വിഭവമാണ്. 150 രൂപയാണ് വില. ഇസ്തിക്കി, കോക്കനട്ട് ലഡു എന്നീ അസമീ പലഹാരങ്ങളുടെ രുചിയും നേരിട്ടറിയാം. 20 രൂപയാണ് ഒരെണ്ണത്തിന്റെ വില.
മിഠായിക്ക് 'നൊസ്റ്റു' മധുരം
കോട്ടയം: തേൻ മിഠായി, ജീരകമിഠായി, ഇഞ്ചി മിഠായി, പൊരിയുണ്ട, ഹലുവ മിഠായി, തേങ്ങ മിഠായി, പൈസ മിഠായി, കടല മിഠായി, ചൗ മിഠായി, പാൽപ്പേട, കട്ടി മിഠായി, പപ്പട മിഠായി.. കേൾക്കുമ്പോൾ തന്നെ ഉള്ളിൽ 'നൊസ്റ്റാൾജിയ'യുടെ ഉമിനീര് പതഞ്ഞുവെങ്കിൽ സരസിലേക്ക് പോരു. പാക്കറ്റ് മിഠായികൾക്കു മുമ്പേ ചില്ലുഭരണികളെ ഭരിച്ചിരുന്ന പഴമയുടെ മധുരങ്ങൾ ഒരുമിച്ച് കാണാൻ സരസിലെ കൊല്ലം ജില്ലയിലെ കുടുംബശ്രീ സ്റ്റാൾ വഴിയൊരുക്കും.
വയലറ്റ് നിറത്തിലുള്ള പായ്ക്കറ്റിൽ ശർക്കര ചേർത്തുണ്ടാക്കുന്ന ജോക്കർ മിഠായിയും നാവിൽ കപ്പലോടിക്കുന്ന പുളി മിഠായിയും, കറക്ക് മിഠായിയും വാങ്ങാനുളഅള തിരക്കിലാണു മേളയിലെത്തുന്നവർ. പായ്ക്കറ്റിന് 20 രൂപയാണ് മിക്ക മിഠായികളുടെ വില.
കൊല്ലം മയ്യനാടുള്ള സൂര്യകാന്തി കുടുംബശ്രീ അംഗമായ സീനത്ത് നിയാസാണ് പഴയമയുടെ മിഠായി മധുരവുമായി
കോട്ടയത്തെത്തിയത്. എട്ട് വർഷം മുൻപാണ് ഈ യൂണിറ്റ് ആരംഭിച്ചത്. പിതാവിനും നേരത്തെ മിഠായി നിർമ്മാണമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ഗൾഫ് നാടുകളിലേക്കും മിഠായികൾ ഇവർ കയറ്റി അയയ്ക്കുന്നുണ്ട്.