14 March, 2025 06:38:04 PM


കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ ഇനി എല്ലാ ഡിവൈ.എസ്.പി/എ.സി.പി ഓഫീസുകളിലും

സംസ്ഥാനതല ഉദ്ഘാടനം നാളെ പാലക്കാട് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും



പാലക്കാട്: സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/എ.സി.പി ഓഫിസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ ഡിവൈ.എസ്.പി/എ.സി.പി ഓഫിസുകളുടെ പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററുകള്‍ നടപ്പാക്കുന്നത്. ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 15 ശനിയാഴ്ച വൈകിട്ട് 4.30ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡിവൈ.എസ്.പി ഓഫിസില്‍ മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അധ്യക്ഷനാവും.


പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ പുതുനഗരം പൊലീസ് സ്റ്റേഷന്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍, പാലക്കാട് ഡിവൈ.എസ്.പി ഓഫിസ്, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി ഓഫിസ്, ആലത്തൂര്‍ ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. വനിതാ-ശിശു സൗഹൃദമായ കൗണ്‍സിലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്ററില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉണ്ടായിരിക്കും. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാണ്. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും.


സെന്ററിലെ കൗണ്‍സിലര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പൊലീസ് ഉറപ്പുവരുത്തണം. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റ് കേസുകള്‍ എക്സ്റ്റന്‍ഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുക. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തും. എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ ക്രിയാത്മക പ്രവര്‍ത്തനത്തിന് എക്സ്റ്റന്‍ഷന്‍ സെന്റര്‍തല കമ്മിറ്റി, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കും.


മാനസിക പിന്തുണ/കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നതിലൂടെ പരാതി വ്യവഹാരതലം മെച്ചപ്പെടുത്തുവാന്‍ പൊലീസ് വകുപ്പിനും നിയമ സംവിധാനങ്ങള്‍ക്കും സഹായകമാകുക, പരാതിക്കാര്‍ക്ക് നല്‍കുന്ന സേവനത്തിലൂടെ അവരുടെ മാനസികതലം അവലോകനം ചെയ്യുക, അതുവഴി ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം അഭിമുഖീകരിക്കുന്നവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി റഫറല്‍ സംവിധാനത്തിലൂടെ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ ഉറപ്പാക്കുക, മാനസികനില മുന്‍കൂട്ടി പരിശോധിക്കുന്നതിലൂടെ വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൊതുസമൂഹത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിവിധ പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് കുറക്കാന്‍ സഹായിക്കുക എന്നിവയാണ് എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ ലക്ഷ്യങ്ങള്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട/ദുര്‍ബല ജനവിഭാഗങ്ങള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി മുന്‍നിരയിലേക്ക് എത്തിക്കാനും എക്സ്റ്റന്‍ഷന്‍ സെന്റര്‍ ലക്ഷ്യമിടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958