20 December, 2022 05:53:55 AM
ഹരം പകര്‍ന്ന് വയനാട് മലമുഴക്കി മ്യൂസിക് ബാൻഡും മധുലിത മൊഹൊപത്രയുടെ ഒഡീസിയും
കോട്ടയം: പൂർണമായും മുളയിൽ തീർത്ത വാദ്യോപകരണങ്ങൾ ഉപയോഗിച്ച് വയനാട് മലമുഴക്കി മ്യൂസിക് ബാൻഡ് കുടുംബശ്രീ ദേശീയ സരസ് മേളയിൽ അവതരിപ്പിച്ച ബാംബു ഇൻസ്ട്രുമെൻ്റൽ ഫ്യൂഷൻ. മുളയിൽ തീർത്ത വാദ്യോപകരണങ്ങൾക്കൊപ്പം പുല്ലാങ്കുഴൽ, ഡ്രംസ്, ഗിറ്റാർ , തബല, ഹാർമോണിയം, വയലിൻ എന്നിവയും സംഗീത പരിപാടിക്ക് താളം പകർന്നു. സ്പിക് മാകെയുടെ മധുലിത മൊഹൊപത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവും കുടുംബശ്രീ ദേശീയ സരസ് മേളയിൽ ഹരം പകര്‍ന്നു.
കച്ചവടം പൊടി പൊടിച്ച് സരസിലെ കൈത്തറി വിപണി
കോട്ടയം: കൈത്തറി എന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കൈത്തറിയുടെ സ്വന്തം നാടായ കണ്ണൂരാണ്. എന്നാൽ കണ്ണൂരിന് പുറമേ തങ്ങളുടെ തനത് ഗ്രാമീണ കൈത്തറി ഉത്പന്നങ്ങളുടെ വൻ ശേഖരവുമായാണ് കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംരംഭകർ നാഗമ്പടത്തെ സരസ് മേളയ്ക്ക് എത്തിയിട്ടുള്ളത്. വിവിധ ജില്ലകളിൽ നിന്നുമുള്ള കുടുംബശ്രീ സംരംഭകരാണ് കൈത്തറി ഉത്പന്നങ്ങളുടെ നിർമാതാക്കൾ. ഷർട്ടുകൾ, ഷർട്ട് പീസുകൾ, മുണ്ട്, ബെഡ് ഷീറ്റുകൾ, കുർത്തകൾ, ചുരിദാറുകൾ, ചവിട്ടികൾ തുടങ്ങിയ കൈത്തറി വസ്ത്രങ്ങളുടെ വൻ ശേഖരങ്ങളാൽ സമ്പന്നമാണ് കൈത്തറി സ്റ്റാൾ. കൈത്തറി ബെഡ് ഷീറ്റുകളാണ് കൂടുതൽ ജനപ്രീതി നേടിയിട്ടുള്ളത്.
കേരളത്തിലെ കൈത്തറി ഉത്പന്നങ്ങൾ പോലെ തന്നെ വിപണി പിടിക്കാൻ ഇതര സംസ്ഥാനങ്ങളിലെ കൈത്തറി വിപണികൾക്കും സാധിക്കും എന്നതിന് തെളിവാണ് ഇതര സംസ്ഥാന സ്റ്റാളുകൾക്ക് മുന്നിലെ വലിയ ജനത്തിരക്ക്. കേരളീയ വസ്ത്രങ്ങൾക്കൊപ്പം തന്നെ തങ്ങളുടെ പ്രാദേശിക ഗ്രാമീണ വസ്ത്രങ്ങളും വിപണിയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഗോവ, ഹരിയാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്റ്റാളുകളിലെ കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേകത. 150 രൂപ മുതൽ 850 രൂപ വരെയുള്ള കൈത്തറി ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. വിലയിലും ഗുണമേന്മയിലും മറ്റ് ഏത് വസ്ത്ര വ്യാപര കമ്പനിയുടെ ബ്രാൻഡുകളോടും കിടപിടിക്കാൻ പറ്റുന്നതാണ് ഇന്ത്യൻ കൈത്തറി ഉത്പന്നങ്ങളെന്ന് തെളിയിക്കുകയാണ് സരസ് മേളയിലൂടെ കുടുംബശ്രീ.