09 March, 2023 10:55:25 AM
'നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'; വൈറലായി കളക്ടറുടെ കുറിപ്പ്
കൊച്ചി: എറണാകുളത്ത് നിന്ന് സ്ഥലം മാറ്റം ഉത്തരവ് വന്നതിന് പിന്നാലെ കളക്ടർ രേണുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ലോക വനിതാ ദിനം ആശംസിച്ചുകൊണ്ടായിരുന്നു കളക്ടറുടെ പോസറ്റ്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് കളക്ടർ പോസ്റ്റിട്ടത്.
'നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. 'നീ വെറും പെണ്ണാണ്' എന്ന് പറയുന്നിടത്താണ് പ്രതിഷേധം' എന്നായിരുന്നു കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് . ഏഴ് മാസവും 12 ദിവസവും ജില്ലയെ നയിച്ച കളക്ടര്‍ രേണു രാജിന് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത് ബുധനാഴ്ചയാണ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിലും തുടർന്നു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളിലും ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുന്നതിനിടയിലാണ് കളക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റുന്നത്. എന്‍.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കളക്ടര്‍.
എന്നാൽ തീപിടിത്തത്തിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. കൂടാതെ സംഭവത്തിൽ സ്വമേധയ കേസെടുത്ത ഹൈക്കോടതി കളക്ടറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തീപ്പിടിത്തത്തില്‍ നിന്ന് കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി രണ്ടുദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നോ എന്ന് ആരാഞ്ഞത് ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കി.