25 July, 2024 02:54:56 PM


കോടതി വിധികൾ കാറ്റിൽ പറത്തി ഏറ്റുമാനൂർ നഗരസഭ: വികസനം മുരടിക്കുന്നു



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ വീണ്ടും വിവാദത്തിലേക്ക്. 7 മാസം മുൻപ് വന്ന കോടതി വിധികളിൽ പോലും കൃത്യമായ നടപടികൾ സ്വീകരിക്കാതെ വികസനപ്രവർത്തനങ്ങൾ മുരടിച്ചിരിക്കുകയാണെന്ന് ഏറ്റുമാനൂർ ജനകീയവികസനസമിതി ഭാരവാഹികൾ ആരോപിച്ചു.  

ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട 35ൽ പരം കേസുകൾ ഉണ്ടായിരുന്നത്. ഇതിൽ ഇരുപത്തിനാലിൽ പരം കേസുകളിലും  മുൻസിപ്പാലിറ്റിക്ക് അനുകൂലമായാണ് വിധി ഉണ്ടായത്. മാസങ്ങൾ കഴിഞ്ഞിട്ടും കോടതി വിധി നടപ്പാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. 7 മാസത്തിനകം  നിരവധി കൗൺസിൽ യോഗങ്ങൾ വിധിയുടെ പകർപ്പ് ഒരു മെമ്പർക്ക് പോലും കൊടുക്കുവാൻ നഗരസഭ അധികാരികൾ തയ്യാറായിട്ടുമില്ല. ഓരോ പ്രാവശ്യവും മുടന്തൻ ന്യായങ്ങള്‍ പറഞ്ഞു മറ്റു കാര്യങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തുന്നത്. എല്ലാവരിൽ നിന്നും എന്തൊക്കെയോ മറച്ചുവെക്കുവാൻ ഉള്ള വ്യഗ്രതയാണിതിന് പിന്നിലെന്നാണ് ആരോപണം.

നഗരസഭയുടെ വക 13 സെന്റോളം ഭൂമി സ്വകാര്യ വ്യക്തികൾ കൈകേറിയിട്ടുണ്ട്. വി.എഫ്.പി.സി.കെയുടെ കൈവശമുള്ള കെട്ടിടവും രണ്ട് സെന്റ് ഭൂമിയും നഗരസഭയ്ക്ക് തിരിച്ചു കൊടുക്കണമെന്ന് വിധി ഉണ്ടായിട്ടും അത് തിരിച്ചുപിടിക്കാനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ല. മത്സ്യ മാർക്കറ്റിലെ വ്യാപാരികൾ 30 ലക്ഷം രൂപ വാടകയിനത്തിൽ കുടിശ്ശിക അടക്കുവാൻ ഉണ്ട്. കുടിശ്ശിക അടയ്ക്കാതെ വ്യാപാരികൾ കൊടുത്ത ഹർജി കോടതി തള്ളി. എന്നാൽ ഈ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

ഏറ്റുമാനൂർ പട്ടണത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു കിടക്കുകയാണ്. എല്ലാ ഓടകളും മാലിന്യ കൂമ്പാരമാണ്. ചില ഓടകളിൽ കക്കൂസ് മാലിന്യവും തള്ളുന്നുണ്ട്. മഴക്കാലത്ത് പാലാ റോഡിലും പേരൂർ കവലയിലും വെള്ളക്കെട്ട് രൂക്ഷം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ക്ലീൻ ചെയ്തു എന്ന് വരുത്തിക്കൂട്ടുകയാണ് പതിവ്. റോഡുകള്‍ നന്നാക്കാനോ ഓടകൾ ക്ലീൻ ചെയ്യുവാനോ ഫണ്ടില്ല എന്നാണ് പറയുന്നത്. മുൻസിപ്പാലിറ്റിക്ക്  8 കോടി രൂപയ്ക്ക് മുകളിൽ ഔൺ ഫണ്ട് ഉണ്ട്. ഇതിൽ ഒരംശം പദ്ധതിയിൽ ഉൾപ്പെടുത്തി ചെലവഴിച്ചാൽ ഇത് നടപ്പാകും. ഈ ഫണ്ട് ചിലവഴിക്കാതെ വെച്ചിരിക്കുന്ന രഹസ്യം പൊതുജനങ്ങളുടെ മുന്നിൽ വ്യക്തമാക്കണമെന്ന് വികസനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

നഗരസഭ എല്ലാവർഷവും 24 ലക്ഷത്തിൽ പരം രൂപ വെള്ളകരമായി വാട്ടർ അതോറിറ്റിക്ക് അടക്കുന്നുണ്ട്. എന്നാൽ നഗരത്തിലെ ഭൂരിഭാഗം പൊതു ടാപ്പുകളും പ്രവർത്തനരഹിതമാണ് . കൃത്യമായ നികുതി പിരിവ് നടക്കുന്നില്ല. വളരെ തുച്ഛമായ തുക മാത്രമാണ് കെട്ടിട നികുതിയായി കിട്ടുന്നത്. വൻകിട ഹോസ്പിറ്റല്‍, കോളേജ് ജീവനക്കാരിൽ നിന്നും കൃത്യമായ പ്രൊഫഷണൽ ടാക്സും ഈടാക്കുന്നില്ല.  കോടിക്കണക്കിന് രൂപയാണ് വർഷംതോറും മുൻസിപ്പാലിറ്റിക്ക് ഈയിനങ്ങളിൽ നഷ്ടപ്പെടുന്നത്. 

കെട്ടിട നികുതി  നിശ്ചയിച്ചിരിക്കുന്നതിലും വലിയ അപാകതകൾ ഉണ്ട്. നഗരത്തിലെ ഒരു വലിയ വ്യാപാര സ്ഥാപനത്തിന്റെ മൂന്ന് നിലയിലുള്ള കെട്ടിടത്തിന് ഒരാണ്ടിലെ കെട്ടിട നികുതി 3200 രൂപ മാത്രമാണ്. എന്നാൽ ഒരു ഷട്ടർ മാത്രമുള്ള ചെറുകിട വ്യാപാരിയിൽ നിന്നും കെട്ടിട നികുതി ഇനത്തിൽ 8000 രൂപ ഈടാക്കുന്നതായി പരാതിയുണ്ട്. വലിയ സാമ്പത്തിക ഇടപാടും കൈക്കൂലിയും  ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ട് എന്നും ഇവർ ആരോപിക്കുന്നു.

2024-25 വാർഷിക പദ്ധതിയിൽ ഇല്ലാത്ത ഷോപ്പിംഗ് കോംപ്ലക്സ് നടപ്പിലാക്കും എന്നാണ് നഗരസഭ അവകാശപ്പെടുന്നത്. എങ്ങനെയെന്ന് വ്യക്തമാക്കുന്നില്ല. പില്ലർ പണിതതിനുള്ള പഴയ കരാർകമ്പനിക്ക് കൊടുക്കുവാനുള്ള ഒരു കോടിയിൽപരം രൂപ ഏത് അക്കൗണ്ടിൽ നിന്നും കൊടുക്കുമെന്നും വ്യക്തതയില്ല. ജനങ്ങളുടെ സമ്മർദ്ദം ഉണ്ടായപ്പോൾ കണ്ണിൽ പൊടിയിടാൻ വേണ്ടി ചിറക്കുളം ഭാഗത്തുള്ള കവാടം നാമമാത്രമായി തുറന്നിട്ടുണ്ട്. എന്നാൽ കാൽ നടക്കാർക്കും സ്കൂട്ടർ യാത്രക്കാർക്കും ഉപയോഗിക്കാൻപോലും പറ്റാത്ത രീതിയിലാണിത്.  അതിന് മദ്ധ്യത്തിൽ കൂടെ പോകുന്ന ഓടകളിലേക്ക് പൊട്ടി ഒലിക്കുന്ന കക്കൂസ് മാലിന്യത്തിന്റെ ദുർഗന്ധം മൂലം  യാത്രക്കാർക്കും സമീപവാസികൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു.

 കോടിക്കണക്കിന് രൂപ ഓൺ ഫണ്ട്‌ ഉള്ള നഗരസഭ പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട്  ഇതിനൊന്നും ശാശ്വതമായ പരിഹാരം കാണാൻ തയ്യാറാകുന്നില്ല. ഇതിന് വിഘാതം നിൽക്കുന്ന ഏതാനും മുൻസിപ്പൽ കൗൺസിലർമാർക്കെതിരെ അതിശക്തമായ പൊതുജനപ്രക്ഷോഭം ഉണ്ടായെങ്കിൽ മാത്രമേ നഗരസഭ അധികാരികൾ കണ്ണ് തുറക്കുകയുള്ളൂ.

കോടതി വിധികൾ നടപ്പാക്കണം എന്നും തനത് ഫണ്ട് ഉപയോഗിച്ച് ചിറകുളത്തിന് സമീപം  മുൻസിപ്പൽ പാർക്ക്  നിർമ്മിക്കുവാൻ  തയ്യാറാകണമെന്നും  റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും, ഓടകൾ യുദ്ധകാല അടിസ്ഥാനത്തിൽ ക്ലീൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി. രാജീവിന്റെയും, സെക്രട്ടറി രാജു സെബാസ്റ്റ്യൻ നേതൃത്വത്തിൽ, മുൻസിപ്പൽ ചെയർപേഴ്സനും നഗരസഭാ സെക്രട്ടറിക്കും നിവേദനം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K