22 February, 2024 10:16:20 AM
കോൺക്രീറ്റ് അടർന്നു, കമ്പികൾ തെളിഞ്ഞു; അപകട കെണിയായി ഏറ്റുമാനൂർ റെയിൽവേ മേൽപാലം
ഏറ്റുമാനൂർ : ഏറ്റുമാനൂർ റെയിൽവേ മേൽപാലം അപകടവസ്ഥയിൽ. ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ 5 വർഷം മുമ്പ് പുതുതായി പണിത പാലം വിള്ളൽ വീണ് കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. ഏറ്റുമാനൂർ സ്റ്റേഷന്‍റെ നവീകരണത്തിന്‍റെ ചുവട് പിടിച്ചു 2018ലാണ് മേൽപാലം പണി പൂർത്തിയാക്കി ഗതാഗത്തിന് തുറന്നു കൊടുത്തത്.
പാലത്തിലെ കുഴികളിൽ പെട്ടും, പെടാതിരിക്കാൻ വെട്ടിച്ചും മറ്റും അപകടങ്ങൾ ഇവിടെ നിരവധിയാണ്. ഏറ്റുമാനൂർ, നീണ്ടൂർ, കൈപ്പുഴ, കല്ലറ, ആലപ്പുഴ ഇവിടങ്ങളിൽ നിന്ന് വരുന്ന നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന ഈ വഴിയിൽ ബൈക്കുകളാണ് മിക്കവാറും കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്. പാലത്തിൽ വെളിച്ചമില്ലാത്തതു കൊണ്ട് രാത്രി കാലങ്ങളിൽ കുഴികൾ അറിയുകയുമില്ല.
റോഡിന്‍റെ ശോചനീയാവസ്ഥയെ പറ്റി നാട്ടുകാർക്കും യാത്രക്കാർക്കും പരാതികൾ ഏറെയാണ്. പക്ഷെ അധികൃതരുടെ കണ്ണുകൾ അടഞ്ഞുതന്നെ.