20 February, 2024 04:42:11 PM


എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം: ലക്ഷ്യത്തിലേക്കടുത്ത് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്കടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അസോസിയേഷന്‍ നടത്തിവരുന്ന പരിസ്ഥിതിസൌഹൃദപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതി എല്ലാ അംഗങ്ങളുടെ വസതികളിലും നടപ്പാക്കാന്‍ തീരുമാനമായത്.

ഇതിന്‍റെ ആദ്യപടിയായി നടന്നത് ഉറവിടമാലിന്യസംസ്കരണം കൃത്യമായി എല്ലാ അംഗങ്ങളുടെ വീടുകളിലും നടക്കുന്നുണ്ടോ എന്ന സര്‍വേയാണ്. ഇതിലൂടെ ഉറവിടമാലിന്യസംസ്കരണയൂണിറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരുടെയും ഇല്ലാത്തവരുടെയും എണ്ണം എടുക്കാനായി. ചിലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായല്ല എന്നും മനസിലാക്കി. ഇതോടെ ഈ സംവിധാനം ഇല്ലാത്ത എല്ലാ വീടുകളിലും സബ്സിഡി നിരക്കില്‍ ഈ യൂണിറ്റ് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി ആദ്യം ജില്ലാ ശുചിത്വമിഷനെയാണ് അസോസിയേഷന്‍ ഭാരവാഹികള്‍ സമീപിച്ചത്.

തദ്ദേശസ്ഥാപനങ്ങള്‍ വഴി സബ്സിഡി നിരക്കോടെ പദ്ധതി നടപ്പിലാക്കാനാവുമെന്നും അതിനാല്‍ ഏറ്റുമാനൂര്‍ നഗരസഭയുമായി ബന്ധപ്പെടാനും ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് അസോസിയേഷന്‍ ജിബിന്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ് സഹിതം നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ 'മാലിന്യമുക്തം നവകേരളം' ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 2024ല്‍ നടപ്പിലാക്കുന്ന 15ലധികം വരുന്ന വിവിധ പ്രോജക്ടുകള്‍ കോര്‍ത്തിണക്കിയുള്ള 'ഉണര്‍വ് 2024' പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബര്‍ 31ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ജി ബിന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം നഗരസഭ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് മാനേജര്‍ ഷീലാ റാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഒരു മാസത്തിനകം പണമടച്ച ബാക്കി എല്ലാ അംഗങ്ങള്‍ക്കും ജി ബിന്‍ എത്തിക്കാനാവുമെന്ന് ബീനാ ഷാജി അറിയിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എ.വി.പ്രദീപ്കുമാര്‍, ജോയിന്‍റ് സെക്രട്ടറി ടി.ജി.രാമചന്ദരന്‍ നായര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്‍ ഷേണായ്, കമ്മറ്റിയംഗം ജി.മാധവന്‍കുട്ടി നായര്‍, സ്ത്രീശക്തി ഭാരവാഹി ബീനാ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K