14 February, 2024 11:47:02 PM
കരുതലിന്‍റെ കരസ്പര്‍ശവുമായി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ; 'വോൾ ഓഫ് ലവ്' ഏറ്റുമാനൂരിലും
ഏറ്റുമാനൂർ : കരുതലിന്‍റെ കരസ്പര്‍ശവുമായി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ 'വോൾ ഓഫ് ലവ്' സ്ഥാപിക്കുന്നു. നിരാലംബർക്കടക്കം സഹായകമാകുംവിധം സാധനസാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുകയാണ് 'വോൾ ഓഫ് ലവി'ലൂടെ. ബഡ്ഷീറ്റ്, വസ്ത്രങ്ങൾ, തുണികൾ, പേസ്റ്റ്, സോപ്പ്, ബ്രഷ്, ബക്കറ്റ്, മഗ് തുടങ്ങി നിർധനരും ആലംബഹീനരുമായ രോഗികൾക്ക് ആശുപത്രിവാസവുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടിവരുന്ന സാധനസാമഗ്രികളും ഭക്ഷണവും കുടിവെള്ളവും ഒക്കെ ആർക്കും ഏത് സമയത്തും ഇവിടെ സ്ഥാപിക്കുന്ന ഷെൽഫിൽ വെക്കാം.
നാം ഉപയോഗിക്കാതെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ സാധന സാമഗ്രികളും ഇവിടെ സംഭാവനയായി വയ്ക്കാം. രോഗികളും നിരാലംബരും ഉൾപ്പെടെ ആവശ്യമുള്ള ആർക്കും ഇത് എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം. ഏറ്റുമാനൂർ ആശുപത്രിയിൽ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ സ്ഥാപിക്കുന്ന വോൾ ഓഫ് ലവ് -ന്‍റെ ഉദ്ഘാടനം ഫെബ്രുവരി 17ന് വൈകിട്ട് 4.30ന് കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്‍റ് എം. എസ് മോഹൻദാസിന്‍റെ അധ്യക്ഷതയിൽ ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. ജോസ് മുകളേൽ, എ എം ഓ ഡോ. അഞ്ജു തുടങ്ങിയവർ സംസാരിക്കും.