10 February, 2024 06:40:17 PM


വനിതകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തണം- ജസ്റ്റിസ് എൻ നഗരേഷ്



ഏറ്റുമാനൂര്‍: രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലുള്ള തീരുമാനമെടുക്കൽ പ്രക്രിയകളിൽ വനിതകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ നഗരേഷ്. ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച 'പെൺമ 2024' വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ വളർച്ചയ്ക്ക് നിദാനം സ്ത്രീശക്തിയാണെന്നും ഭാരതത്തിൻ്റെ  സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത് വനിതയായ ഝാൻസി റാണിയായിരുന്നുവെന്നും  അദ്ദേഹം  പറഞ്ഞു.

ലൈബ്രറി പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലിയേറ്റീവ് കെയർ പരിചരണ രംഗത്തെ ഭാരതത്തിൻ്റെ  പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ വി.എസ് ഷീലാ റാണിയെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച  ലൈബ്രറി അംഗങ്ങളായ 33 വനിതകളേയും ആദരിച്ചു. ഡി.ബി കോളേജ് തലയോലപ്പറമ്പ് അധ്യാപിക ഡോ കെ.എസ്  ഇന്ദു, ഡോ കെ  ബിന്ദു,  ലതികാ സുഭാഷ്, സെക്രട്ടറി അഡ്വ പി.രാജീവ് ചിറയിൽ, ഡോ വിദ്യ ആർ പണിക്കർ, മുൻസിപ്പൽ ചെയർപേഴ്സൻ ലൗലി ജോർജ്, കൗൺസിലർ രശ്മി ശ്യാം, എസ് ശ്രീകല, അഡ്വ. പി. ആർ. അജിത് കുമാർ , അംബിക രാജീവ്  തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികൾ നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K