24 January, 2024 08:27:52 AM
വികെബിയുടെ പേരിലുളള റോഡിന്‍റെ ശോചനീയാവസ്ഥ മാറ്റണം: നഗരസഭയോട് മന്ത്രി
ഏറ്റുമാനൂര്‍: പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.കെ.ഭാര്‍ഗവന്‍ നായരുടെ (വികെബി) പേരില്‍ ഏറ്റുമാനൂര്‍ നഗരത്തിലുള്ള റോഡിന്‍റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ നഗരസഭാ ചെയര്‍പേഴ്സണോട് ആവശ്യപ്പെട്ടു. സാമ്പത്തികമാണ് പ്രശ്നമെങ്കില്‍ താന്‍ സഹായിക്കാമെന്നും മന്ത്രി. ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
34, 35 വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന റോഡ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ ഉള്‍പ്പെടെ നൂറ്കണക്കിനാളുകളാണ് ഉപയോഗിച്ചുവരുന്നത്. എം.സി.റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോള്‍ ചെറിയ വാഹനങ്ങള്‍ ധാരാളമായി ഈ വഴി തിരിഞ്ഞുപോകാറുമുണ്ട്. റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായ പിന്നാലെ അസോസിയേഷന്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് 2022-23 വര്‍ഷം വികസനഫണ്ടില്‍നിന്നും 3,60,000 രൂപ റോഡ് റീടാറിംഗിന് അനുവദിച്ചത്. പക്ഷെ നിര്‍മ്മാണം മാത്രം നടന്നില്ല. തുടര്‍ന്ന് അസോസിയേഷന്‍ വിവരാവകാശനിയമപ്രകാരം നല്‍കിയ കത്തിന്, 2023-24 വര്‍ഷത്തില്‍ 6,05,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ നടന്നുവരികയാണെന്നും മറുപടി ലഭിച്ചു. പക്ഷെ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ പ്രവൃത്തി എങ്ങുമെത്താതെ കാര്യങ്ങള്‍ വീണ്ടും ഇഴഞ്ഞുനീങ്ങുന്നത് മനസിലാക്കിയാണ് അസോസിയേഷന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയ്ക്കും നഗരസഭാ ചെയര്‍പേഴ്സണും നേരിട്ട് പരാതി നല്‍കിയത്.