18 January, 2024 05:40:38 PM
കാത്തിരിപ്പിന്‍റെ കനമൊഴിഞ്ഞു; ശ്രീകലയ്ക്കും കുടുംബത്തിനും ഭൂമി തരം മാറ്റിക്കിട്ടി
ഏറ്റുമാനൂർ : 22 വർഷം മുൻപ് വാങ്ങിയ ആറു സെന്റ് സ്ഥലം കരഭൂമിയാക്കി കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഏറ്റുമാനൂർ നഗരസഭ ഇരുപത്തിയാറാം വാർഡ് പീടികപ്പറമ്പിൽ വീട്ടിൽ വത്സല ഗോപാലകൃഷ്ണനും മകൾ കെ.ജി ശ്രീകലയും. കോട്ടയത്ത് ഇന്ന് നടന്ന അദാലത്തിലാണ് വത്സലയ്ക്ക് നീതി ലഭിച്ചത്.
ഗോപാലകൃഷ്ണനും ഭാര്യ വത്സല ഗോപാലകൃഷ്ണനും വാങ്ങിയ ഭൂമിയിൽ രണ്ടു പതിറ്റാണ്ട് മുമ്പ് വീടു വച്ചിരുന്നു. ഇവർക്ക് രണ്ടു പെൺമക്കളായിരുന്നു. മകൾ കെ.ജി. ശ്രീകലയുടെ പേരിലേക്ക് വീടും സ്ഥലവും എഴുതി നൽകി. എന്നാൽ പഴയ വീട് പൊളിച്ച് പുതിയത് നിർമിക്കാൻ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തരം മാറ്റിയാലേ വായ്പ ലഭിക്കുകയുള്ളൂ എന്നു മനസിലാക്കിയത്.
തുടർന്ന് മൂന്നു വർഷമായി അപേക്ഷകൾ നൽകി തരം മാറ്റലിനായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകിയത്. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.
സുനിത മടങ്ങിയത് ബാധ്യതകൾ
തീർക്കാമെന്ന ആശ്വാസത്തോടെ
പാമ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളൂർ വടക്കേക്കര വീട്ടിൽ സുനിത ചെറിയാൻ ഹോട്ടൽ നടത്തി മിച്ചംപിടിച്ച പണത്തിൽ നിന്നാണ് 2013 ൽ 10 സെന്റ് നിലം വാങ്ങിയത്. ഭർത്താവിന്റെ മരണശേഷം ഹോട്ടൽ നിർത്തേണ്ടിവന്നു. മകളുടെ വിവാഹ ചെലവുകളും ബാധ്യതകളും നേരിടാൻ സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് ഭൂമി തരം മാറ്റിയാൽ മാത്രമേ വിൽപ്പന നടത്താൻ സാധിക്കൂവെന്ന പ്രതിസന്ധിയുണ്ടായത്.
ഇതോടെ തരംമാറ്റത്തിനുള്ള അപേക്ഷയുമായി ഓട്ടമായി. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി അദാലത്തിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയത്. കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ അദാലത്തിനെത്തി തരമാറ്റാനായുള്ള ഉത്തരവുമായി സുനിത മടങ്ങിയത് ബാധ്യതകൾ തീർക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്. സർക്കാർ സൗജന്യമായി അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകിയത് സന്തോഷമേകുന്നുവെന്ന് സുനിത പറഞ്ഞു.