06 January, 2024 08:17:13 PM
ഏറ്റുമാനൂരില്‍ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം ജവഹർ കോളനിയിൽ പേമലമുകൾ വീട്ടിൽ മഹേഷ് (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടി ഏറ്റുമാനൂർ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. മഹേഷിന് മധ്യവയസ്കയോട് കുടുംബപരമായ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് മധ്യവയസ്കയെ വീട്ടിൽ കയറി ആക്രമിച്ചത്.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ, സന്തോഷ് മോൻ, എ.എസ്.ഐ ഗിരീഷ് സി.പി.ഓ മാരായ അനീഷ്, സജി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഏറ്റുമാനൂർ,കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി.