01 January, 2024 01:56:26 PM
ഏറ്റുമാനൂർ ബൈപാസില്‍ നടപ്പാത നിര്‍മാണം: 5 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവന്‍
ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷന്‍റെ 'ഉണർവ് 2024' പദ്ധതികൾക്ക് തുടക്കം
ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസിലെ കാൽനടയാത്രക്കാർക്ക് ആശ്വാസം. ബൈപാസിൽ ഏറ്റുമാനൂർ ഭാഗത്ത് ഫുട്പാത്ത് നിർമാണത്തിന് 5 കോടി രൂപ അനുവദിച്ച് മന്ത്രി വി. എൻ. വാസവൻ. ഏറ്റുമാനൂർ ശക്തിനഗർ റെസിഡൻസ് അസോസിയേഷന്‍റെ ഒരു വർഷക്കാലം നീളുന്ന പദ്ധതിയായ 'ഉണർവ് - 2024' ന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വഴിവിളക്കുകളും ക്യാമറകളും ഘടിപ്പിക്കുന്നത് പൂർണമാകുന്നതോടെ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനാവുമെന്ന് മന്ത്രി ചൂണ്ടികാട്ടി. ക്യാമറകൾ സ്ഥാപിച്ചതോടെ ഏറ്റുമാനൂർ നഗരത്തിൽ മോഷണശ്രമങ്ങൾ കുറഞ്ഞതായും ക്രിമിനലുകളെ കണ്ടെത്തുന്നതിന് പോലീസിന് സഹായകരമായെന്നും മന്ത്രി പറഞ്ഞു.
ദാരിദ്ര്യ നിർമ്മാർജനം, മാലിന്യ സംസ്‍കരണം കൃഷി, ആരോഗ്യം, നികുതി - നിയമ ബോധവൽക്കരണം, സ്ത്രീ ശാക്തീകരണം, വിദ്യാർഥി - യുവജനക്ഷേമം തുടങ്ങി പതിനഞ്ചോളാം മേഖലകളിൽ അടുത്ത ഒരു വർഷത്തിനിടെ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് 'ഉണർവ് 2024' പദ്ധതിക്ക് ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ തുടക്കമിട്ടത്. അസോസിയേഷന്‍റെ ഈ നീക്കം സംസ്ഥാനത്തു തന്നെ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രമുഖ പത്രപ്രവർത്തകൻ വി കെ ബി യുടെ പേരിൽ ഏറ്റുമാനൂർ നഗരത്തിലുള്ള റോഡിന്‍റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് വേദിയിൽ ഉണ്ടായിരുന്ന നഗരസഭ അധ്യക്ഷയോടു മന്ത്രി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മീൻ ചന്തയിലെ മലിനജലം മറ്റിടങ്ങളിലേക്ക് ഒഴുകി പോകാതിരിക്കാൻ 15 ലക്ഷം രൂപ ചിലവിൽ ഡ്രൈനേജ് സിസ്റ്റം സുഗമമാക്കുന്നതിനുള്ള പദ്ധതിക്ക് താൻ തുക അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും കാര്യങ്ങൾ മന്ദഗതിയിലാണെന്നും മന്ത്രി പറഞ്ഞു. പണത്തിന്റെ അഭാവം ആണെങ്കിൽ അനുവദിക്കാൻ താൻ തയ്യാറാണെന്നും എന്നാൽ നഗരസഭ മൗനം പാലിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. നഗര വികസന പ്രവർത്തനങ്ങളിൽ അസോസിയേഷൻ ശ്രദ്ധയിൽപെടുത്തിയ അഞ്ചോളം പ്രശ്നങ്ങൾക്ക് മറുപടി നൽകവേയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
വീട്ടമ്മമാർക്കായി ഏർപ്പെടുത്തിയ 'അടുക്കള തോട്ടം 2024' പദ്ധതിയുടെ ഉദ്ഘാടനം സതി പദ്മകുമാറിന് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് മന്ത്രി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. 2023ലെ 'അടുക്കളത്തോട്ടം' പദ്ധതിയിൽ വിജയികളായ ശ്രീകല രാജു, ശാന്താ ഗോപാലകൃഷ്ണൻ, ആശ അപ്പുക്കുട്ടൻ നായർ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് വിതരണം ചെയ്തു. സെക്രട്ടറി ബി സുനിൽകുമാർ ഉണർവ് 2024 പദ്ധതികൾ വിശദീകരിച്ചു.
പ്രദേശത്തെ വികസനം ലക്ഷ്യമാക്കി അസോസിയേഷൻ തയ്യാറാക്കിയ നിവേദനം അഡ്വ സി എൽ ജോസഫ് മന്ത്രിക്കും നഗരസഭാ ചെയർപേഴ്സണനും കൈമാറി. കുട്ടികളുടെ ആശുപത്രി മുൻ സൂപ്രണ്ടുമാരായ ഡോ.ടി. യു സുകുമാരൻ, ഡോ. പി. സവിദ, ഏറ്റുമാനൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീജന്യ രോഗങ്ങളെ സംബന്ധിച്ച് കോട്ടയം ജില്ലാ ഹോമിയോ ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. ഗീത പ്രദീപും, നികുതിയും പൗരബോധവും എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റ് ദിനേശ് ആർ ഷേണായിയും ക്ലാസ്സെടുത്തു. ബി സുനിൽകുമാർ സ്വാഗതവും എൻ വിജയകുമാർ നന്ദിയും പറഞ്ഞു.