28 December, 2023 09:50:21 AM
"ഉണര്‍വ് 2024" പദ്ധതിയുമായി ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 14 വര്‍ഷം പിന്നിടുന്നു. ഇതിന്‍റെ ഭാഗമായി "ഉണര്‍വ് 2024" എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. മാലിന്യസംസ്കരണം, നികുതി-നിയമബോധവല്‍ക്കരണം, ലഹരിക്കെതിയുള്ള അവബോധം, യുവജന-വിദ്യാര്‍ഥി ക്ഷേമം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നവവത്സരാഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിക്കും. ഡിസംബര്‍ 31ന് വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍.വാസവന്‍ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
വിഷമയമില്ലാത്ത പച്ചക്കറികള്‍ പ്രത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ കൃഷിഭവന്‍റെ സഹകരണത്തോടെ വീട്ടമ്മമാര്‍ക്കായി നടപ്പാക്കിയ എന്‍റെ അടുക്കളതോട്ടം പദ്ധതിയില്‍ വിജയികളായ ശ്രീകല രാജു, ആശാ അപ്പുകുട്ടന്‍നായര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് വിതരണം ചെയ്യും. ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ഐസിഎച്ച് റിട്ട സൂപ്രണ്ടുമാരായ ഡോ.ടി.യു.സുകുമാരന്‍, ഡോ.പി.സവിദ എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് 5ന് ജില്ലാ ഹോമിയോ ആശുപത്രി റിട്ട സൂപ്രണ്ട് ഡോ.ഗീതാ പ്രദീപിന്‍റെ നേതൃത്വത്തില്‍ സ്ത്രീജന്യരോഗങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണവും ആരോഗ്യപരിശോധനയും നടക്കും. 7.30ന് നികുതിയും പൌരബോധവും എന്ന വിഷയത്തില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് ദിനേശ് ആര്‍ ഷേണായി ക്ളാസെടുക്കും. തുടര്‍ന്ന് സ്നേഹവിരുന്നും കലാപരിപാടികളും വിവിധ മത്സരങ്ങളും നടക്കും.