24 December, 2023 07:00:47 PM
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഏറ്റുമാനൂരില്‍ ഒരാള്‍ അറസ്റ്റിൽ
ഏറ്റുമാനൂര്‍ : വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പുങ്കൽ കെഴുവംകുളം ആശുപത്രിക്ക് സമീപം കരുവാക്കുന്നേൽ (കടുവാപറമ്പിൽ) വീട്ടില്‍ സണ്ണി തോമസ് (61) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നീണ്ടൂർ സ്വദേശിയായ മധ്യവയസ്കിൽ നിന്നും ഇയാളുടെ മകനും, സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയെടുക്കുകയും, വ്യാജമായി ജോബ് വിസയും, ഓഫർ ലെറ്ററും, ഫ്ലൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ വയനാട് കണിയാമ്പറ്റ എന്ന സ്ഥലത്ത് നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾ തട്ടിച്ചെടുത്ത പണത്തിന്റെ ശാസ്ത്രീയമായ കണക്ക് എടുത്തുവരുകയാണ്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ് ഐ ജയപ്രസാദ്, സി.പി.ഓ മാരായ സജി,ജോഷ്, ഡെന്നി പി ജോയ്,സൈഫുദ്ദീൻ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.