07 December, 2023 01:20:52 PM


ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുന്നില്ല; പ്രതീക്ഷകളുടെ താളം തെറ്റി കർഷകർ

ശ്രീലക്ഷ്മി എൻ. എസ്.



ഏറ്റുമാനൂർ : പ്രതീക്ഷകളുടെ താളം തെറ്റി കർഷകർ. വിള വർധനവിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതികള്‍ കർഷകരുടെ കഷ്ടപ്പാടിന് അറുതിയുണ്ടാക്കിയില്ലെന്നു മാത്രമല്ല കഷ്ടപ്പെട്ടുണ്ടാക്കുന്ന വിളകൾ പാഴായി പോകുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ വരെ കര്‍ഷകന് മതിയായ വില നല്‍കി ഉത്പന്നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ വന്‍ അലംഭാവമാണ് കാട്ടുന്നത്. 


മണ്ണൊരുക്കത്തിലൂടെ വിളവർധനവെന്ന പദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത് വന്ന അതേ സമയം തന്നെയാണ് തങ്ങളുടെ വിളകൾക്ക് മതിയായ വില കിട്ടുന്നില്ലെന്ന പരാതിയുമായി കർഷകർ രംഗത്തെത്തിയിരിക്കുന്നത്. "വിള വർദ്ധനവ് മാത്രം പോരല്ലോ, ഉൽപ്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വിലയും കിട്ടേണ്ടതല്ലേ. അതുകിട്ടുന്നില്ലെങ്കില്‍ പിന്നെ എന്തിന് മണ്ണൊരുക്കം... ഇങ്ങനെ പോകുന്നു കര്‍ഷകരുടെ പരിവേദനങ്ങള്‍.


ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വി എഫ് പി സി കെയില്‍ പച്ചക്കറി ഉത്പന്നങ്ങള്‍ എത്തിച്ച കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയവരില്‍ ഏറെയും. വി എഫ് പി സി കെയിലും പൊതുവിപണിയിലും ലഭിക്കുന്ന വിലകള്‍ ആടും ആനയും പോലുള്ള അന്തരവും. കഴിഞ്ഞ ദിവസങ്ങളില്‍ ഏത്തവാഴക്കാലകുലകള്‍ വി എഫ് പി സി കെയില്‍ എത്തിച്ച കര്‍ഷകര്‍ക്ക് ലഭിച്ച വില കിലേവിന് 20 രൂപ. അതേസമയം തന്നെ കോട്ടയം ഉള്‍പ്പെടെ ചന്തകളിലും കടകളിലും ഇതേ കായ്കള്‍ക്ക് ലഭിക്കുന്ന വില 35 രൂപയും. 


ഇത്രയും തുക താഴ്ത്തി എടുക്കുന്ന ഉത്പന്നങ്ങളുടെ വില യഥാസമയം കര്‍ഷകന് ലഭ്യമാക്കുന്നില്ലെന്നും അടുത്ത പരാതി. ഇതിനിടെയാണ് ഇവിടെനിന്നും ഏത്തക്കായ് വാങ്ങിയ സാധാരണക്കാരന്‍ വിലയായി 50 രൂപ നല്‍കേണ്ടിവന്നതും. ചുരുക്കത്തില്‍ കര്‍ഷകനെ പറ്റിച്ച് വില കുറച്ച് എടുക്കുന്ന സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നത് രണ്ടിരട്ടി വരെ വിലയ്ക്ക്. കര്‍ഷകന് മതിയായ ലാഭം ഉറപ്പ് വരുത്തി, പൊതുജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഇത്തരം സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ പരക്കെ പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K