06 December, 2023 06:09:28 PM


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിക്ക് പുതിയ മേൽശാന്തി മഠം



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മേൽശാന്തിക്ക് പുതിയ മേൽശാന്തി മഠം ഒരുങ്ങി.തമിഴ്നാട് സ്വദേശിയായ വിദ്യാഭ്യാസ വിചക്ഷണനായ ജയശങ്കർ എന്ന  ഭക്തന്‍റെയും പുല്ലൂർ യോഗ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാൽപതുലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ മേൽശാന്തി മഠം നിർമ്മിച്ചത്. കാസർഗോഡ് ജില്ലയിലെ ശീവള്ളി ബ്രാഹ്മണ സഭയിലെ പത്തില്ലക്കാരുടെ കാരായ്മ അവകാശമാണ് ഏറ്റുമാനൂരിലെ മേൽശാന്തി സ്ഥാനം.

വ്യാഴാഴ്ച രാവിലെ 7.15 നും 9നും മധ്യേ വാസ്തു കർമങ്ങളും ഗണപതിഹോമവും   നടത്തിയാണ് പുതിയ മഠത്തിന്‍റെ പ്രവേശന ചടങ്ങ്. പുല്ലൂർ യോഗസഭയുടെ  കുണ്ടിലായർ, വാസുദേവ വാഴുന്നവർ എന്നിവരുടെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ. ശീവള്ളി ബ്രാഹ്മണ സഭയിലെ പത്തില്ലത്തുകാരുടെ പ്രതിനിധികളാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഹരിപ്പാട് ക്ഷേത്രം, കുമാരനല്ലൂർ ക്ഷേത്രം, കിടങ്ങൂർ ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിമാരായി എത്തുന്നത് . ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെയാണ് പുതിയ മേൽശാന്തി മഠം നിർമ്മിച്ചിരിക്കുന്നത്. ദീർഘകാലമായി ജീര്‍ണാവസ്ഥയിലായിരുന്നു മഠം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K