30 November, 2023 10:12:45 PM
മലയാള സിനിമയിലെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു. നടി താരകല്യാണിന്റെ അമ്മയും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. നന്ദനം (2002), കല്യാണരാമൻ (2002), പാണ്ടിപ്പട (2005), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു .
സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത നൃത്ത അധ്യാപികയായിരുന്നു. 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസർ എന്ന നിലയിൽ അവർ ശ്രദ്ധേയയാണ്. നിരവധി സംഗീതകച്ചേരികൾ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.