09 January, 2025 08:32:35 PM


ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു



തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.
1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K