21 February, 2025 03:39:17 PM
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

ചെന്നൈ: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ (62) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമാണ്. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസലിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോള്‍ രണ്ടുതവണയും റസല്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു. പിന്നീട് വാസവന്‍ നിയമസഭാംഗമായതോടെയാണ് റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
1981 മുതല്‍ സിപിഎം അംഗമാണ്. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.