10 November, 2023 09:36:45 AM


മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ ഫ്രാൻസിസ് അന്തരിച്ചു



തൃശൂര്‍: മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്‍റും താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു.കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. 

ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം നടക്കും.

പ്രമുഖ താന്ത്രിക് ചിത്രകാരൻ കൂടിയായ ഫ്രാൻസിസ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാർഡും (2014) കേരള ലളിതകലാ അക്കാദമിയുടെ സ്വർണപ്പതക്കവും (2000) ലളിതകലാ പുരസ്കാരവും (2015) ഫെലോഷിപ്പും (2021) ലഭിച്ചു.

'ദി എസൻസ് ഓഫ് ഓം' ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ്. മനോരമ കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്ന ഫ്രാൻസിസ് 2002ലാണ് ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് ആയി ചുമതലയേറ്റത്. 2021ൽ മനോരമയിൽ നിന്ന് വിരമിച്ചു.

തൃശൂരിനടുത്ത് കുറുമ്പിലാവിൽ 1947 ഡിസംബർ 1 നാണ് ജനനം. പ്രശസ്ത ചലച്ചിത്രകാരനും ബാലചിത്രകലാപ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കംകുറിച്ച യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്. 

തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ മലയാള മനോരമ പത്രാധിപസമിതി അംഗമായി. കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സെക്രട്ടറി, ടെലിഫോൺ കേരള സർക്കിൾ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവർത്തക പെൻഷൻ നിർണയ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K