30 September, 2023 07:39:25 PM


വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് കെ.എം. ഷാജി



തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി ഷാജി പറഞ്ഞു. 

ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കിൽ തൂങ്ങിക്കളിക്കൽ ഫാഷിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിൽ സംഘടിപ്പിച്ച കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമർശം അല്ലെന്നും വകുപ്പിൽ നടക്കുന്ന അനാസ്ഥകൾക്കെതിരെയാണ് അത്തരത്തിൽ പരാമർശം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശത്തിൽ വനിതാ കമ്മിഷൻ കേസെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. മുസ്‌ലിം ലീഗിൽനിന്നും എതിർപ്പുയർന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K