14 November, 2023 02:11:04 PM


തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു



തിരുവനന്തപുരം: മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമിയാണ് മരിച്ചത്. ചാങ്ങ സ്വദേശിയാണ് ഇവർ. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. 

അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഭിരാമിയും അർപ്പിതയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ പതിയെയായിരുന്നുവെന്നും ഇവർ പറയുന്നു. ഹെൽമറ്റ് ധരിച്ചിരുന്ന അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടപ്പെട്ടു. 

ഓടിക്കൂടിയ നാട്ടുകാർ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K