03 November, 2023 05:33:21 PM


അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു- മാത്യു കുഴല്‍നാടന്‍



തിരുവനന്തപുരം: താനൊരാൾ മാത്രം വിചാരിച്ചാൽ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സർക്കാർ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്.

മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സർക്കാർ വകുപ്പുകൾ നൽകുന്നില്ല. എംഎൽഎ എന്ന നിലയിൽ നൽകിയ കത്തുകൾക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർണായക കാര്യങ്ങളിൽ മറുപടി നൽകാത്തത് മാസപ്പടി മുഖ്യമന്ത്രിയിലെത്തുമെന്ന ഭയം മൂലമാണ്. വിജിലൻസ് വകുപ്പിൽ നിന്ന് വിചാരണക്ക് അനുമതി ചോദിച്ച് എത്ര കേസുകൾ വന്നുവെന്നും അതിൽ എത്രയെണ്ണത്തിന് അനുമതി നൽകിയെന്നും ചോദ്യത്തിന് മറുപടി നൽകിയില്ല. സെപ്തംബർ 21 നാണ് അപേക്ഷ നൽകിയത്. വിജിലൻസ് അന്വേഷണങ്ങളുമായി  ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചത്. എന്നാൽ മറുപടി ലഭിച്ചില്ലെന്നും കുഴൽനാടൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ  വിജിലൻസിന്  നൽകിയ  പരാതിയിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ നൽകുന്നില്ല. മാസപ്പടിയിൽ ഉൾപ്പെട്ട 1.2കോടി രൂപയ്ക്ക് നികുതി അടച്ചോ എന്നായിരുന്നു ചോദ്യം. ധനവകുപ്പ് എക്സാലോജിക്കിന്‍റെ വിവരങ്ങൾ മാത്രം നൽകി.

നാല് കത്തുകൾ ഇതുവരെ നൽകിയിട്ട് ഒന്നിനും മറുപടിയില്ല. അഴിമതിക്കെതിരായ പോരാട്ടം യുവാക്കൾ ഏറ്റെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം താനൊരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ അഴിമതി കുറയില്ലെന്നും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K