22 November, 2023 02:44:27 PM
പിടിയിലായവര്‍ വിശ്വസ്തര്‍ തന്നെ; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിടിയിലായവര്‍ വിശ്വസ്തര്‍ തന്നെയെന്ന് രാഹുല്‍ പറഞ്ഞു. ഏഴ് ലക്ഷത്തി അറുപത്തയ്യായിരത്തോളം ചെറുപ്പക്കാര്‍ വോട്ടെടുപ്പില്‍ പങ്കാളികളായ വിശാലമായ തിരഞ്ഞെടുപ്പില്‍ ഏതൊരു അന്വേഷണവും അന്വേഷണ ഏജന്‍സികള്‍ക്ക് നടത്താം.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ല. അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയത്തെ ശക്തമായി തന്നെ പ്രതിരോധിക്കും. ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ യൂത്ത് കോണ്‍ഗ്രസിന്‍റെ കമ്മിറ്റിയെ ആക്ഷേപിക്കാന്‍ പറ്റുമോയെന്ന് ശ്രമിക്കുകയാണ് പിണറായി വിജയനും പാര്‍ട്ടിക്കാരും. ഇതിന് സുരേന്ദ്രന്‍റെ എല്ലാ വിധ പിന്തുണയുമുണ്ടെന്നും രാഹുൽ പറഞ്ഞു.
'തനിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാം തന്‍റെ ആളുകളാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കില്ല. കേരളത്തിലെ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. പിടിയിലായ യൂത്ത് കോണ്‍ഗ്രസുകാരുമായി നല്ല ബന്ധമുണ്ട്. അവര്‍ നാട്ടുകാരാണ്.