20 October, 2023 03:47:27 PM


ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ജീവനൊടുക്കി



തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്‍റെ വാടക വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. 

റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും. പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടിൽ വന്നിരുന്നു. ഇവിടെ വച്ച് രണ്ട് പേരും മദ്യപിച്ചു. തുടർന്ന് നസീർ ഉറങ്ങി പോയി. രാത്രി 8 മണിയോടെയാണ് റിയാസ് ഫാനിൽ കെട്ടിത്തൂങ്ങിയത്. രാത്രി വൈകി ഉണർന്ന നസീറാണ് റിയാസിനെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. 

ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോകും. മീൻ വിൽപ്പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തുന്നത്. ഇടയ്ക്ക് റിയാസ് ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നുണ്ട്. അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും സംശയിക്കുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K