24 November, 2023 11:54:50 AM
വ്യാജ തിരിച്ചറിയൽ കാർഡ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്. ശനിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് അയച്ചത്. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.
നിലവില്‍ അഞ്ച് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അതില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ എം ജെ രഞ്ജുവിനെകൂടിയാണ് കസ്റ്റഡിയിലെടുക്കാനുള്ളത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാന്‍, ബിന്‍ ബിനു എന്നിവരെ രാഹുലിന്റെ കാറില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാഹുലിന്റെ കാറും കസ്റ്റഡിയിലെടുത്തിരുന്നു.
KL-26-L-3030 വെള്ള കിയ കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയിരുന്നില്ല. പിന്നീട് മേട്ടുകടയില്‍ വച്ച് പ്രതികളെ പിടികൂടിയെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍.