27 September, 2023 01:27:44 PM


'പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചു'; ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിൽ ഷാരോണിന്‍റെ പിതാവ്



തിരുവനന്തപുരം: ഷാരോൺ കൊലപാതകക്കേസ് പ്രതി ​ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂഷനെതിരെ ഷാരോണിന്‍റെ പിതാവ്. പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചതിനെ തുടർന്നാണ് ​ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. 

ജാമ്യം ലഭിച്ചെന്ന് അറിഞ്ഞപ്പോൾ മകന് നീതി ലഭിക്കില്ലെന്ന് തോന്നലുണ്ടായി. ഒത്തുകളിയാണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയെ കാണുകയും സുപ്രീം കോടതിയിൽ പോകുകയും ചെയ്യും. മകന് നീതി കിട്ടും വരെ പോരാടുമെന്നും ഷാരോണിന്‍റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

'ഉല്ലാസ യാത്ര കഴിഞ്ഞ് വരുന്ന പോലെയാണ് ഗ്രീഷ്മ ജയിലിൽ നിന്ന് വന്നത്. ഇത് കണ്ടോണ്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും. ഞങ്ങളുടെ മകനാണ് മരിച്ചത്' ഷാരോണിന്‍റെ അച്ഛൻ പറഞ്ഞു. തെളിവുകൾ കണ്ടാൽ കോടതിക്ക് മനസ്സിലാകില്ലേ. ഒരു വ‍ർഷം ​ഗൂ​ഗിളിൽ സെർച്ച് ചെയ്താണ് മകനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ ഒക്ടോബര്‍ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണമൊഴിയില്‍ പോലും ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചെന്ന പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K