21 September, 2023 02:52:09 PM
കേരളീയം പരിപാടിയില്‍ നിന്നു വിട്ടുനിൽക്കാൻ യുഡിഎഫിൽ ആലോചന
തിരുവനന്തപുരം: കേരളത്തിന്‍റെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടി, മന്ത്രിമാരുടെ നിയോജക മണ്ഡലം പരിപാടി എന്നിവയിൽ നിന്നു വിട്ടു നിൽക്കാൻ യുഡിഎഫിൽ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പരിപാടിയെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. യുഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാവും അന്തിമ തീരുമാനം.
നവംബർ ഒന്നു മുതൽ ഒരാഴ്ചത്തേയ്ക്കാണ് സർക്കാർ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് നിയോജക മണ്ഡലങ്ങളിൽ ജനസദസ് നടത്തുന്നത്. ജനങ്ങളുമായി സംവദിക്കുകയാണ് മണ്ഡലം തലത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ദേശമെന്നാണ് സർക്കാർ വിശദീകരണം.
കേരളീയം പരിപാടിയിൽ പ്രതിപക്ഷ നേതാക്കളായ എ.കെ. ആന്‍റണി, വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ശശി തരൂർ, എം.വിൻസെന്‍റ് എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമതി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം പല നേതാക്കളും അറിഞ്ഞിരുന്നില്ല. പരിപാടിയെക്കുറിച്ച് വിശദമായി പരിശോധിച്ചശേഷം തീരുമാനമെടുക്കും.