08 September, 2023 02:00:47 PM


ചാണ്ടി ഉമ്മന്‍റെ വിജയത്തില്‍ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി



തിരുവന്തപുരം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ വൻ വിജയത്തിലേക്ക് നീങ്ങുന്ന വേളയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷമെന്ന് എ കെ ആന്‍റണി അഭിപ്രായപ്പെട്ടു.

'പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മൻചാണ്ടിയും കുടുംബവും കടന്ന് പോയത്. മറുപടി നൽകാൻ പുതുപ്പളളിക്കാർ തയ്യാറെടുത്തിരുന്നുവെന്നാണ് അവിടെ പോയപ്പോൾ മനസിലായത്.

ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചവർക്ക് ഈ വിജയം ബോധക്കേട് ഉണ്ടാക്കി. അവർക്ക് പുതുപ്പള്ളി കടുത്ത ശിക്ഷ നൽകി. കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ച മുഖ്യമന്ത്രി ഉൾപെടെയുള്ളവർ മാപ്പ് പറയണം. ഇടത് ഭരണത്തോട് അതിശക്തമായ വെറുപ്പുണ്ട്. മാർക്സിറ്റ് അണികളിൽ പോലും പിണറായി ഭരണത്തോട് എതിർപ്പുയർന്നിരിക്കുന്നു.

ജന പിന്തുണ നഷ്ടപെട്ട സർക്കാരിന് സാങ്കേതികമായ ഭൂരിപക്ഷം മാത്രം'. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് പ്രസക്തിയില്ല'. പക്ഷേ ഈ വിധി കണ്ട് യുഡിഎഫ് പ്രവർത്തകർ അലസരായി പോകരുതെന്നും എകെ ആന്‍റണി ഓർമ്മിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K