11 August, 2023 01:20:02 PM
ഉമ്മൻചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നതിൽ കുടുംബം നിഷേധാന്മകമായ നിലപാട് സ്വീകരിച്ചു- അനിൽ കുമാർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്ന കാര്യത്തിൽ കുടുംബം നിഷേധാന്മകമായ നിലപാട് സ്വീകരിച്ചുവെന്ന് അഡ്വ കെ അനിൽ കുമാർ. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുടെ കാര്യത്തിൽ കുടുംബത്തിൽ നിന്ന് തന്നെ പരാതി ഉയർന്നിരുന്നു. ഇപ്പോൾ യു ഡി എഫ് പുതുപ്പള്ളിയിൽ 'തട്ടിപ്പിന്‍റെ കട' ആരംഭിച്ചുവെന്നും പുതുപ്പള്ളിയിലൊഴുകുന്നത് മുതലക്കണ്ണീർ ആണെന്നും അനിൽകുമാർ പറഞ്ഞു.
സർക്കാർ ഇടപെടൽ ക്ഷണിച്ചു വരുത്തിയതിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം എന്നും ചികിത്സ നിഷേധിച്ചതിൽ കൂടുതൽ തെളിവുകൾ ഉണ്ട് എന്നും അനിൽകുമാർ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഇളയ സഹോദരൻ ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് മുഖ്യമന്ത്രി വീണാ ജോർജിനെ ഉമ്മൻ ചാണ്ടിയെ സന്ദർശിക്കാൻ ഏർപ്പെടുത്തുകയും സന്ദർശനത്തിന് ശേഷം ഉമ്മൻ ചാണ്ടിക്ക് ബാംഗ്ലൂരിലേക്ക് ചികിത്സക്ക് കൊണ്ടുപോകുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും ചികിത്സ വൈകിയെന്നും അനിൽകുമാർ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ കുടുംബം പ്രാർത്ഥനയിലൂടെ രോഗം ഭേദപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു .കോൺഗ്രസ് ചികിത്സ ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ ഉൾപ്പടെയുള്ളവർ പ്രഖ്യാപിച്ചിരുന്നെങ്കിൽ കുടുംബവും കോൺഗ്രസ്സും ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുത്തില്ല എന്നും അനിൽകുമാർ പറഞ്ഞു.
അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്ന കാര്യവും അഡ്വ കെ അനില്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതിന്‍റെ സാഹചര്യം ഒരുക്കിയതിലുള്ള ഉത്തരവാദിത്തം വി ഡി സതീശനുമുണ്ട് എന്നും അനിൽകുമാർ പറഞ്ഞിരുന്നു.