22 July, 2023 10:33:54 AM
പെൺകുട്ടിയെക്കൊണ്ട് ബസ്സിനുള്ളിലെ ഛർദിൽ കഴുകിച്ച സംഭവം; കെ എസ് ആർ ടി സി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു
നെയ്യാറ്റിന്‍കര: പെൺകുട്ടിയെക്കൊണ്ട് കെ എസ് ആർ ടി സി ബസ്സിനുള്ളിലെ ഛർദിൽ കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ് എന്‍ ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ ബസ്സിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെക്കൊണ്ടും സഹോദരിയെക്കൊണ്ടും ബസ് കഴുകിച്ചത് വലിയ വിവാദമായിരുന്നു.
നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന പെൺകുട്ടിയും സഹോദരിയും ഡ്രൈവറുടെ സീറ്റിനു പുറകിലായിരുന്നു ഇരുന്നത്. പല്ലിന്‍റെ രോഗബാധയുമായി ബന്ധപ്പെട്ട് പെൺകുട്ടിക്ക് വെള്ളിയാഴ്ച്ച ശസ്ത്രക്രിയ പറഞ്ഞിരുന്നു. ഇതിനു മുന്നോടിയായി പെൺകുട്ടി മരുന്ന് കഴിച്ചിരുന്നു. യാത്രക്കിടെ പെൺക്കുട്ടി ഛർദിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയും സഹോദരിയും പറഞ്ഞത്.
വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയതോടെ ഇരുവരും ഇറങ്ങാൻ തുടങ്ങിയെങ്കിലും ബസ് കഴുകിയിട്ട് പോയാൽ മതിയെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. ഇതോടെ സഹോദരി വെഹിക്കിൾ സൂപ്രണ്ടിന്‍റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്ത് നിന്നുള്ള പൈപ്പിൽ നിന്നും കപ്പിൽ വെള്ളമെടുത്ത് ഇരുവരും ബസ് കഴുകി. ഇതിനു ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്.
ബസ് വൃത്തിയാക്കാൻ കോർപ്പറേഷൻ ഡിപ്പോകളിൽ ഡി ആർ എൽ ജീവനക്കാർ ഉള്ളപ്പോൾ ജീവനക്കാരുടെ ഈ നടപടിക്കെതിരെ പരാതി ഉയരുകയായിരുന്നു. കെ എസ് ആർ ടി സിയിൽ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾ കൂടിയാണ് ഇവർ.