18 July, 2023 05:45:40 AM


ജനനായകന് വിട: മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു



ബംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ക്യാൻസർ ബാധിതന‌ായി ബം​ഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.


തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്‍റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർമാരുടെ സംഘമായിരുന്നു ചികിത്സിച്ചത്. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയില്‍ എകെ ആന്‍റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകുന്നത്. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്‍റെ അവസാന നാളുകളിൽ സോളാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. 


ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.  1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രതിപക്ഷയോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബം​ഗളൂരുവിലുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K