10 July, 2023 10:50:07 AM
കിണറിടിഞ്ഞുണ്ടായ അപകടം: തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ മഹാരാജന്(55) ആണ് മരിച്ചത്. 48 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു. വീണ്ടും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് മഹാരാജന് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിനുള്ളില്‍ അകപ്പെട്ടത്. വിഴിഞ്ഞം മുക്കോല സര്‍വ ശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ളതും 90 അടിയിലധികം ആഴമുള്ളതുമായ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
കിണറിന്റെ ഉള്‍വശത്തെ റിംഗ് പൊട്ടി മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചിരുന്നു. മഹാരാജന് ഉള്‍പ്പെട്ട സംഘം ഇവിടെ എത്തി കിണറ്റിലെ മണ്ണ് മാറ്റി 15 റിംഗുകള്‍ അടുക്കി ബലപ്പെടുത്തുന്നതിനായി വശങ്ങളില് മണ്ണും നിരത്തിയിരുന്നു. എന്നാല്‍ മഴയെത്തുടര്‍ന്ന് ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയോടെ കിണറ്റിനുള്ളിലെ മണ്ണും പമ്പ് സെറ്റ് ഉള്‍പ്പെട്ട മോട്ടോറും മാറ്റുന്നതിനായി ഇവര്‍ വീണ്ടുമെത്തി. മഹാരാജന് കിണറ്റിലേക്ക് ഇറങ്ങി മണ്ണ് നീക്കുന്നതിനിടെ പുതുതായി അടുക്കിയ റിംഗുകളും മണ്ണും ഇടിഞ്ഞ് ഇയാളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ട മറ്റുള്ളവര്‍ അലറിവിളിച്ചതിനെത്തുടര്ന്നാണ് വീട്ടുടമയും നാട്ടുകാരും ഓടിയെത്തിയത്. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.