07 July, 2023 01:12:36 PM


വൈദിക വേഷത്തിലെത്തി; പത്ത് വയസുകാരനെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍



തിരുവനന്തപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ  മധ്യവയസ്കനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടിൽ മോനി (52) യാണ് അറസ്റ്റിലായത് . ഉപദ്രവിച്ചത് വൈദിക വേഷത്തിലെത്തിയ ആളാണെന്നാണ് പീഡനത്തിനിരയായ കുട്ടി പൊലീസിന് മൊഴിനൽകിയത്.

കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. പള്ളിയിലെ പുരോഹിതൻ എന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടിൽ മോനി എത്തിയത്.

 പിതാവ് കടൽപ്പണിക്കും അമ്മ അക്ഷയ സെന്‍ററിലും പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രാർത്ഥനക്കെന്ന വ്യാജേന വീടിനുള്ളിൽ കയറിയ  മോനി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോള്‍  കുട്ടി നടന്ന കാര്യങ്ങൾ അവരെ ധരിപ്പിച്ചു. 

തുടർന്ന് മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് കുട്ടി പറഞ്ഞതനുസരിച്ച് സാദൃശ്യമുള്ള ചിലരെ  വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സമീപത്തെ സി.സി.ടി.വി കാമറകൾ അരിച്ച് പെറുക്കിയുള്ള പരിശോധനയിലാണ് മോനി കുടുങ്ങിയത്. 

കാമറകളിൽ പതിഞ്ഞ രൂപവും ആര്യനാട്ടിൽ നിന്ന് പ്രതി എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള  പരിശോധനയുമാണ് യഥാർത്ഥ പ്രതിയിലേക്ക് എത്തിച്ചത്.  വിഴിഞ്ഞം പോലീസ് ഇന്നലെ ആര്യനാട്ടിലുള്ള വീട്ടിൽ എത്തിയാണ് മോനിയെ പിടികൂടിയത്. 

നേരത്തെ പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാരായമുട്ടം പൊലീസും ഇയാൾക്കെതിരെ  കേസ് എടുത്തിരുന്നു. വിവാഹിതനാണെങ്കിലും ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K