04 July, 2023 10:39:14 AM
ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ചിലയിടങ്ങളിൽ വ്യാപക മഴയ്ക്കും മറ്റു ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത. മൺസൂൺ പാത്തിന്‍റെ പടിഞ്ഞാറൻ ഭാഗം നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അതിന്‍റെ സാധാരണ സ്ഥാനത്തത്ത് നിന്നും തെക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ചിലയിടങ്ങളിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത കാണുന്നു. ജൂലൈ 4, 5 തിയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചനത്തിൽ പറയുന്നു. ജൂലൈ 4 ന് കേരളം, തീരദേശ, ദക്ഷിണ കർണാടക, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ കനത്ത മഴ ഉണ്ടാവുമെന്ന് പ്രവചിക്കുകയും രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.