01 July, 2023 11:07:30 AM


തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ അന്തരിച്ചു



കോട്ടയം: ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു.

മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്‍റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.

തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. 

മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, കോട്ടയം അയ്യപ്പസേവാ സംഘം, ചട്ടമ്പി സ്വാമി അനുസ്മരണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡന്‍റായിരുന്നു. തിരുനക്കര എൻഎസ്എസ് കരയോഗത്തിന്‍റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു.

വാഴൂർ പൂവത്തോലിക്കരോട്ട് കുടുംബാംഗവും എൻഎസ്എസ് സ്കൂൾ റിട്ട. അധ്യാപികയുമായിരുന്ന പരേതയായ ടി.ഡി രാധാമണിയമ്മയാണ് ഭാര്യ. മക്കൾ: ഡോ. ഡി. ശക്തികുമാർ (ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ), ഡി. ജയകുമാർ (മലയാള മനോരമ, കോട്ടയം). മരുമക്കൾ: നീന (കോട്ടയം) സന്ധ്യ (ഏറ്റുമാനൂർ).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K