24 June, 2023 01:13:14 PM


'ചങ്ക് കൊടുത്തും കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കും'- വി.ഡി സതീശന്‍



തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന്‍റെ വൈരാഗ്യ ബുദ്ധി ഒന്നു കൂടി പ്രകടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുധാകരനൊപ്പം പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും ചങ്കു കൊടുത്തും അദ്ദേഹത്തിനെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.

സുധാകരനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണ്. മോൺസന്‍റെ ഡ്രൈവറെ മൂന്നു തവണ ചോദ്യം ചെയ്തിട്ടും സുധാകരനെതിരേയുള്ള തെളിവുകളൊന്നും ലഭിച്ചില്ല. കോടതിയുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ കെട്ടിച്ചമച്ച കേസിൽ കെപിസിസി അധ്യക്ഷനെ ജയിലിൽ അടക്കുമായിരുന്നു. സർക്കാർ ഇപ്പോൾ അഴിമതിയുടെ ചെളിക്കുണ്ടിലാണ് നിൽക്കുന്നത്.

ആ ചെളി പ്രതിപക്ഷത്തിന്‍റെ മേൽ തെറിപ്പിക്കാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. കെ. സുധാകരൻ കെപിസിസി അധ്യക്ഷ പദം ഒഴിയുന്നതിനെപ്പറ്റി പാർട്ടിയിൽ ചർച്ചകളൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹം സ്ഥാനമൊഴിയാൻ തയാറായാൽ പോലും പാർട്ടി അതിന് അനുവദിക്കില്ല. അധ്യക്ഷ പദവിയിൽ സുധാകരൻ തന്നെ തുടരും. പാർട്ടി അദ്ദേഹത്തിനു പിന്നിൽ ഒറ്റക്കെട്ടാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K