22 June, 2023 05:16:20 PM
സർവകലാശാലയെ വഞ്ചിക്കാൻ ശ്രമിച്ചു; കെഎസ്‍യു നേതാവ് അൻസിലിനെതിരേ എഫ് ഐആർ
തിരുവനന്തപുരം: കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തി എഫ്ഐ ആർ രജിസ്റ്റർ ചെയ്ത് കന്‍റോൺമെന്‍റ് പൊലീസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു, കേരള സർവകലാശാലയെ വഞ്ചിക്കാൻ ശ്രമിച്ചു, വ്യാജ ഒപ്പിട്ടു എന്നിങ്ങനെയാണ് ആരോപണങ്ങൾ.
ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന ഐപിസി 465, 466, 468, 471, 420 എന്നീ അഞ്ചു വകുപ്പുകളാണ് അൻസിലിനെതിരേ ചുമത്തിയിരിക്കുന്നത്. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതായിലാണ് കേസ്.
അൻസിലിന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ സീരിയൽ നമ്പർ കേരള സർവകലാശാലയുടേത് അല്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നയാൾ ആ സമയത്ത് വിസി ആയിരുന്നില്ലെന്നും കാണിച്ച് സർവകലാശാല ഡിജിപിക്കു പരാതി നൽകിയിരുന്നു.
എന്നാൽ ഇത്തരമൊരു സർട്ടിഫിക്കറ്റിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് അൻസിൽ പറയുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.