21 June, 2023 09:52:04 AM
കിൻഫ്രാ പാർക്കിലെ കോമണ്‍ ഫസിലിറ്റീസ് ചാർജ് വർധന: പരാതി ലോകായുക്ത തള്ളി
തിരുവനന്തപുരം : കിൻഫ്രാ പാർക്കിലെ കോമണ്‍ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ പരാതി ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ബാബു മാത്യു പി. ജോസഫും അടങ്ങിയ ലോകായുക്ത ഡിവിഷൻ ബെഞ്ച് തള്ളി. കൂടിയാലോചനകളില്ലാതെ തികച്ചും ഏകപക്ഷീയമായി നടപ്പിലാക്കിയ നിരക്ക് വർധന യുക്തിരഹിതവും അന്യായവുമായ നടപടിയാണെന്നും അതു ലോകായുക്ത നിയമത്തിൽ പരാമർശിക്കുന്ന കെടുകാര്യസ്ഥതയുടെ നിർവചനത്തിൽ ഉൾപ്പെടുന്നതിനാൽ യുക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാർ ലോകായുക്തയെ സമീപിച്ചത്.
സംരംഭകരും കിൻഫ്രയും തമ്മിൽ ഒപ്പു വച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്ന് സമർഥിച്ച കിൻഫ്രയുടെ അഭിഭാഷകൻ, കരാറുകളെ സംബന്ധിച്ചുള്ള പരാതികൾ ലോകായുക്തയുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തതിനാൽ പരാതി തള്ളണമെന്ന് വാദിച്ചു. കിൻഫ്രയുടെ നടപടികൾ പരാതിക്കാരെ പീഡിപ്പിക്കുന്നതായിരുന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഒരു വസ്തുതയും പരാതിയിൽ ഇല്ല എന്നു വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് പരാതി തള്ളുകയും വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് വിലക്കിയ സ്റ്റേ ഓർഡർ റദ്ദ് ചെയ്യുകയും ചെയ്തു.