20 June, 2023 11:54:13 AM
പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ക്ക് നിരോധനം
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു. കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
തുടര്‍ച്ചയായി മഴ പെയ്യുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലും മണ്ണിടിച്ചില്‍ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ടുമാണ് തീരുമാനം.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോള്‍ഡന്‍ വാലിയില്‍ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞദിവസം പൊന്‍മുടി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചല്‍ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാര്‍ 500 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.