08 June, 2023 04:05:51 PM


യുവാവിനെ ഉപദ്രവിച്ച ശേഷം 70 അടി ആഴമുള്ള കിണറ്റില്‍ ചാടി 45കാരന്‍



തിരുവനന്തപുരം: 70 അടി താഴ്ച്ചയുള്ള കിണറ്റിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പെരുമ്പഴുതൂർ ചെമ്മണ്ണുവിള വടകോട് ചരുവിള പുത്തൻ വീട്ടിൽ മണിയൻ എന്ന അനി (45) ആണ് ഏകദേശം 70 അടി താഴ്ചയും 5 അടി വ്യാസവുമുള്ള കിണറ്റിൽ ചാടിയത്. 

ഇന്ന് രാവിലെ ആയിരുന്നു സംഭവം. മറ്റൊരാളെ ഉപദ്രവിച്ച ശേഷമാണ് അനി കിണറിൽ ചാടിയതെന്നാണ് ഫയർഫോഴ്സ് സംഘം പറയുന്നത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തോട് കിണറ്റില് വീണ ആൾ ഉപദ്രവിക്കുമെന്നും, സൂക്ഷിക്കണമെന്നും സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇയാൾ ഉപദ്രവിച്ച യുവാവ് ഷർട്ടൊക്കെ കീറിയ നിലയിൽ സ്ഥലത്ത് ഉണ്ടായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സേനാംഗം വി.എസ്.സുജൻ നെറ്റും, റോപ്പും ഉപയോഗിച്ച് കിണറ്റിലിറങ്ങി മുഖത്തും, കാലിനും, തോളിനും പരിക്കുപറ്റിയ അനിയെ വലയ്ക്കുള്ളിൽ കയറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ പുറത്ത് എത്തിക്കുകയായിരുന്നു. 

തന്‍റെ അമ്മയെ കാണാനില്ലെന്നും ആരോ മന്ത്രവാദം ചെയ്താണ് കിണറ്റിൽ വീണതെന്നും പരസ്പര വിരുദ്ധമായി സംസാരിക്കുന്ന നിലയിലാണ് 45കാരനുണ്ടായിരുന്നതെന്ന് സേനാംഗങ്ങൾ പറയുന്നു. 

നെയ്യാറ്റിൻകര അസി.സ്റ്റേഷൻ ആഫീസർ റ്റി.പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൽ അമീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ,ഷിബു കുമാർ , സാനു വത്സൻ, രജിത്ത്കുമാർ, വിനീഷ്, ജയകൃഷ്ണൻ, റോബർട്ട് , ഷിജു,ഷൈൻ കുമാർ, ഹോം ഗാർഡ് വനജ കുമാർ, സജികുമാർ, ഗിരീഷ് കുമാർ ഉൾപ്പെടുന്ന സംഘം ആണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അനിയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K