05 June, 2023 11:26:17 AM


കിളികൊല്ലൂരിൽ സൈനികനെ മർദിച്ച കേസ്; പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു



തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവത്തില്‍ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. 

സഹോദരങ്ങളായ യുവാക്കളെ മർദിച്ചതിന് ഏഴ് മാസം മുൻപാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. 

ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെയാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 

ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞ കഥ. എന്നാൽ യഥാർത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K