31 May, 2023 12:25:05 PM


മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കി യുവാവ്



തിരുവനന്തപുരം: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ യുവാവ്, ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും പരാക്രമംകാട്ടി. ജീവനക്കാരെ മർദിച്ച യുവാവ് ആംബുലൻസിന്‍റെ ചില്ല് തകർത്തു. ബാലരാമപുരം ജംഗ്ഷനിൽവെച്ചായിരുന്നു അപകടം നടന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാലരാമപുരം ജംഗ്ഷനിൽ വെച്ച് വിഴിഞ്ഞം പുന്നകുളം സ്വദേശി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ബാലരാമപുരം കേന്ദ്രമായി സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി പരിക്ക് പറ്റിയ യുവാവുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറല്‍ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.

എന്നാൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് ആംബുലൻസിൽ കയറിയത് മുതൽ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇതിനിടയിൽ ആംബുലൻസ് നഴ്സ് അഭിജിത്തിന്‍റെ കോളറിൽ പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ ആംബുലൻസ് തിരിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയി.

ആംബുലൻസ് നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ യുവാവ് അക്രമാസക്തനാകുകയും ആംബുലൻസ് നഴ്സ് അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് ഡ്രൈവർ രാഹുൽ ആംബുലൻസ് നിറുത്തി പുറക് വശത്തെ ഡോർ തുറന്നതും യുവാവ് ഇയാളെയും ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എത്തി പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സംഘം എത്തുന്നതിനിടയിൽ യുവാവ് ആംബുലൻസിന്‍റെ  ചില്ല് അടിച്ച് തകർത്തു. തുടർന്ന് പൊലീസ് എത്തി അതേ ആംബുലൻസിൽ യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പരിക്ക് പറ്റിയ ആംബുലൻസ് ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K