23 May, 2023 04:49:12 PM


മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും- മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കോര്‍പറേഷന്‍റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തും.

കിന്‍ഫ്രയിലെ തീപിടിത്തത്തെ പറ്റി സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്നും പരിശോധന നടത്തണമെന്നും കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നു വരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങള്‍ 10 വര്‍ഷത്തിലധികമായി കെ.എം.എസ്.സി.എല്‍. ഗോഡൗണുകളായി പ്രവര്‍ത്തിച്ചു വരുന്നവയാണ്.

തീ അണയ്ക്കുന്നതിനിടെ അഗ്‌നിരക്ഷാ സേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ജോലിക്കിടെയാണ് ജീവന്‍ നഷ്ടപ്പെട്ടത് എന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K